Banner Ads

ശബരിമല തീർഥാടനം; വെർച്വൽ ക്യൂ നിർബന്ധമാക്കി പോലീസ്, സമയവും റൂട്ടും കർശനമായി പാലിക്കണം

തിരുവനന്തപുരം : ശബരിമല മണ്ഡലകാലത്ത് തിരക്ക് ഒഴിവാക്കുന്നതിനായി വെർച്വൽ ക്യൂ ബുക്കിംഗ് നിർബന്ധമെന്ന് പോലീസ്. സുരക്ഷാ ക്രമീകരണങ്ങൾ തടസ്സപ്പെടാതിരിക്കാൻ യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഭക്തർ ടിക്കറ്റ് ഉറപ്പാക്കണം. മുൻകൂർ ബുക്കിംഗ് ഇല്ലാതെ എത്തുന്നവർക്ക് ദർശനത്തിന് നീണ്ട കാത്തിരിപ്പ് സമയവും ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ബുക്കിംഗിൽ അനുവദിച്ചിട്ടുള്ള സമയ സ്ലോട്ട് കർശനമായി പാലിക്കണം.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ അനുവദിച്ച സമയത്തിനനുസരിച്ച് യാത്രാ ആസൂത്രണം ചെയ്യുക. സ്പോട്ട് ബുക്കിംഗുകൾ വളരെ പരിമിതമായതിനാൽ മുൻകൂർ ബുക്കിംഗ് ഇല്ലാത്തവരെ ഉൾക്കൊള്ളാൻ കഴിയില്ല. മരക്കൂട്ടം, ശരംകുത്തി, നടപ്പന്തൽ വഴിയുള്ള റൂട്ട് പിന്തുടരുക. മടക്കയാത്രയ്ക്ക് നടപ്പന്തൽ ഫ്ലൈഓവർ ഉപയോഗിക്കുക. ഡോളി ഉപയോഗിക്കുമ്പോൾ ദേവസ്വം കൗണ്ടറിൽ മാത്രം പണമടച്ച് രസീത് സൂക്ഷിക്കുക.

സുരക്ഷാ പരിശോധന പോയിന്റുകളിൽ പരിശോധനയ്ക്ക് വിധേയരാകുക. പതിനെട്ടാം പടിയിൽ തേങ്ങ ഉടയ്ക്കുന്നത് ഒഴിവാക്കുക. ഇതിനായി ഇരുവശങ്ങളിലുമുള്ള നിയുക്ത സ്ഥലങ്ങൾ ഉപയോഗിക്കുക. നടപ്പന്തലിലും താഴത്തെ തിരുമുറ്റത്തും വിരികൾ വിരിക്കാൻ പാതകൾ ഉപയോഗിക്കരുത്. പമ്പാ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുത്.

കുട്ടികൾ, പ്രായമായവർ, മാളികപ്പുറങ്ങൾ എന്നിവരുടെ കഴുത്തിൽ വിലാസവും കോൺടാക്റ്റ് നമ്പറുകളും അടങ്ങിയ തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാണ്. പ്രതിസന്ധി സാഹചര്യങ്ങളിൽ (അപകടം, മോഷണം, മെഡിക്കൽ എമർജൻസി, കാണാതായവർ) പോലീസിനെ ബന്ധപ്പെടാൻ 14432 എന്ന ഹെൽപ്പ് ലൈൻ നമ്പർ ലഭ്യമാണ്. ആവശ്യമെങ്കിൽ മെഡിക്കൽ സെന്ററുകളുടെയും ഓക്സിജൻ പാർലറുകളുടെയും സൗകര്യങ്ങൾ ഉപയോഗിക്കുക.