
മോസ്കോ: തെക്കുപടിഞ്ഞാറൻ സൈബീരിയയിലുണ്ടായ റഷ്യൻ സൈനിക ചരക്കുവിമാന (Antonov An-12) അപകടത്തിൽ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 19 പേരും കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നവംബർ 17 ചൊവ്വാഴ്ചയായിരുന്നു ദാരുണമായ സംഭവം. അപകടത്തിന്റെ ആദ്യഘട്ടത്തിൽ 13 മുതൽ 17 വരെ പേർ മരിച്ചെന്നായിരുന്നു പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ എങ്കിലും, പിന്നീട് മന്ത്രാലയം മരണസംഖ്യ 19 ആയി സ്ഥിരീകരിക്കുകയായിരുന്നു.
സൈബീരിയയിലെ നോവോസിബിർസ്കിൽ നിന്ന് കാൻസ്കിലേക്ക് സർവീസ് നടത്തുകയായിരുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. മോസ്കോയിൽ നിന്ന് ഏകദേശം 3,000 കിലോമീറ്ററോളം കിഴക്കായി, കെമെറോവോ മേഖലയിലെ യാഗുനോവോ ഗ്രാമത്തിന് സമീപമുള്ള ആളൊഴിഞ്ഞ വയലിലാണ് വിമാനം തകർന്നു വീണത്. കെമെറോവോ പ്രാദേശിക തലസ്ഥാനത്തു നിന്നും വിമാനത്താവളത്തിൽ നിന്നും വെറും 5 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. വിമാനാവശിഷ്ടങ്ങൾ അഞ്ഞൂറോളം മീറ്റർ ചുറ്റളവിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന്റെ പ്രാഥമിക കാരണമെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ‘റിയ’ (RIA) വ്യക്തമാക്കി. വിമാനത്തിന്റെ നാല് എൻജിനുകളിലൊന്നിലുണ്ടായ ഇന്ധനച്ചോർച്ചയെ തുടർന്ന് തീപിടുത്തമുണ്ടാവുകയും, ഇത് ഹൈഡ്രോളിക് സംവിധാനത്തെ ബാധിച്ച് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്തുവെന്നാണ് സംശയിക്കുന്നത്. ഒരു എൻജിൻ പൂർണമായി കത്തിയമരുകയും ഇന്ധന സംവിധാനത്തിന് ഗുരുതര കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വിമാനം തകർന്നു വീഴുന്നതിന്റെയും തുടർന്നുണ്ടായ വൻ തീപിടുത്തത്തിന്റെയും സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കെമെറോവോ മേഖലാ ഗവർണർ ഇല്യ സെറെദ്യുക് (Ilya Seredyuk) അപകടവിവരം സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി അദ്ദേഹം അറിയിച്ചു. സംഭവത്തിൽ സിവിൽ ഏവിയേഷൻ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ കമ്മീഷനും റഷ്യയിലെ പ്രധാന ക്രിമിനൽ അന്വേഷണ ഏജൻസിയായ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
1950-കളുടെ അവസാനത്തിൽ നിർമ്മാണം ആരംഭിച്ച സോവിയറ്റ് നിർമ്മിത നാല് എൻജിനുകളുള്ള ടർബോപ്രോപ് ചരക്കുവിമാനമാണ് അപകടത്തിൽ പെട്ട അന്റോനോവ് An-12 (Antonov An-12). ആയിരത്തിലധികം എണ്ണം നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ വിഭാഗത്തിൽ പെട്ട ചില വിമാനങ്ങൾ റഷ്യയിലും മറ്റ് രാജ്യങ്ങളിലും ഇപ്പോഴും സർവീസ് നടത്തിവരുന്നുണ്ട്.