
മലപ്പുറം: വഴിക്കടവ് മണിമൂളി രണ്ടാംപാടത്ത് കൂട്ടിലടച്ചിരുന്ന വളർത്തുനായയെ അജ്ഞാത ജീവി കടിച്ചുകൊന്നു. കല്ലുകുളത്തിൽ കുഞ്ഞമ്മ തോമസിന്റെ നായയാണ് ചത്തത്. കമ്പിവല കൊണ്ടുള്ള കൂട് തകർത്താണ് ജീവി അകത്തുകയറി നായയെ ആക്രമിച്ചത്. രാവിലെ വീട്ടുകാർ നോക്കിയപ്പോഴാണ് ശരീരമാകെ മുറിവുകളേറ്റ നിലയിൽ നായ ചത്തുകിടക്കുന്നത് കണ്ടത്.രണ്ടാഴ്ച മുൻപും ഇതേ നായയ്ക്ക് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സ നൽകി സുഖപ്പെടുത്തി വരുന്നതിനിടെയാണ് വീണ്ടും ജീവഹാനി സംഭവിക്കുന്ന തരത്തിലുള്ള ആക്രമണമുണ്ടായത്.
സംഭവമറിഞ്ഞ് വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. വിമലിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകളും ജീവിയുടെ ആക്രമണ രീതിയും പരിശോധിച്ചതിൽ പുള്ളിപ്പുലിയുടെ സാന്നിധ്യമല്ലെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. പകരം, മാർജാര വംശത്തിൽപ്പെട്ട ‘പുലിപ്പൂച്ച’ (Leopard Cat) ആകാം ആക്രമണത്തിന് പിന്നിലെന്നാണ് വനപാലകരുടെ സംശയം.
പുള്ളിപ്പുലിയോട് രൂപസാദൃശ്യമുള്ള ചെറിയ ഇനം വന്യജീവിയാണിത്.മണിമൂളി രണ്ടാംപാടത്ത് നേരത്തെയും താറാവുകളെയും കോഴികളെയും അജ്ഞാത ജീവി പിടികൂടിയതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. അന്ന് രണ്ടാഴ്ചയോളം പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. കൂടാതെ, മാസങ്ങൾക്കു മുൻപ് ബൈക്കിന് മുന്നിലേക്ക് അജ്ഞാത ജീവി ചാടിയതിനെ തുടർന്ന് യുവാവിന് അപകടം സംഭവിച്ചിരുന്നു. അന്ന് നടത്തിയ പരിശോധനയിൽ പ്രദേശത്ത് പുലിപ്പൂച്ചയുടെ കാൽപ്പാടുകൾ സ്ഥിരീകരിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി.