Banner Ads

കെഎസ്ആർടിസിയുമായുള്ള റൂട്ട് തർക്കവും സാമ്പത്തിക നഷ്ടവും; സ്വകാര്യ ബസുകൾ വീണ്ടും പണിമുടക്കിലേക്ക്

പാലക്കാട് : കെഎസ്ആർടിസി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ അപര്യാപ്തമെന്ന് സ്വകാര്യ ബസ് ഉടമകൾ. പഠന റിപ്പോർട്ടിൽ പ്രതീക്ഷ നൽകുന്ന ഒന്നുമില്ലെന്ന് വ്യക്തമാക്കിയ ഉടമകൾ സമരത്തിലേക്ക് കടക്കുകയാണെന്ന് അറിയിച്ചു.

മറ്റന്നാൾ സമര പ്രഖ്യാപനം ഉണ്ടാകും. മിനിമം യാത്രാ നിരക്ക് 15 രൂപയായി ഉയർത്തണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ഒരേ റൂട്ടിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഒന്നിച്ചോടുന്നത് മൂലമാണ് വലിയ നഷ്ടമുണ്ടാകുന്നതെന്നാണ് മുൻ ഡിജിപി കെ പത്മകുമാർ അധ്യക്ഷനായ സമിതി കണ്ടെത്തുകയും റൂട്ടും സമയവും പുനക്രമീകരിക്കാൻ ശുപാർശ നൽകുകയും ചെയ്തത്.

കൂടാതെ കെഎസ്ആർടിസി ഷെഡ്യൂളുകളിൽ മാറ്റം വരുത്തുക, സ്വകാര്യ ബസുകൾ പാട്ടത്തിനെടുക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ നിർദേശങ്ങളൊന്നും പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.