
തിരുവനന്തപുരം: നെയ്യാറ്റിൻകര രൂപതയുടെ കത്തീഡ്രൽ പള്ളിയായ അമലോത്ഭവ മാതാ പള്ളിയിൽ പട്ടാപ്പകൽ മോഷണം. മാതാവിന്റെ രൂപക്കൂട് തകർത്ത് 6000 രൂപയും ഒരു ഗ്രാം സ്വർണ്ണ കുരിശുമാണ് മോഷ്ടാവ് കവർന്നത്. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് മോഷണം നടന്നത്. പള്ളിയിൽ എത്തിയ ഒരു യുവാവ് ഏകദേശം 20 മിനിറ്റോളം പരിസരം നിരീക്ഷിച്ച ശേഷം, അൾത്താരയിലുണ്ടായിരുന്ന മൈക്ക് സ്റ്റാൻഡ് ഉപയോഗിച്ച് മാതാവിന്റെ രൂപക്കൂടിന്റെ പൂട്ട് തകർക്കുകയായിരുന്നു. രൂപത്തിൽ ചാർത്തിയിരുന്ന 5000 രൂപയുടെയും 1000 രൂപയുടെയും നോട്ടുമാലകളാണ് ഇയാൾ കവർന്നത്.
വൈകുന്നേരം 6.30-ഓടെ പള്ളിയിലെത്തിയ കപ്യാരാണ് മോഷണ വിവരം ആദ്യം കണ്ടത്. തുടർന്ന് പള്ളി സെക്രട്ടറിയും അക്കൗണ്ടന്റും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.