Banner Ads

പിറവം പുഴയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം; ഭർത്താവും മൂത്ത കുട്ടിയും എവിടെ? ദുരൂഹത നീക്കാൻ പോലീസ്

കൊച്ചി: പിറവം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പായിപ്ര സ്വദേശിനി വിജി (44), രണ്ട് വയസ്സുള്ള മകൻ, ഭർത്താവ് നാരായണൻ, മൂത്ത മകൾ എന്നിവർ സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഐശ്വര്യ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഹോട്ടലിൽ നിന്ന് നാലുപേരും ഒരുമിച്ച് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മുളക്കുളം പാലത്തിന് സമീപം വിജിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വിജിയുടെ മൃതദേഹം പിറവം പൊലീസ് സ്റ്റേഷൻ പരിധിയിലും കുഞ്ഞിന്റെ മൃതദേഹം കോട്ടയം ജില്ലയിലെ വെള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുമാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, മൃതദേഹങ്ങൾ മൂവാറ്റുപുഴ ആറ്റിലെ കളമ്പൂർ പാലത്തിന് താഴെ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കാഴ്ചപരിമിതിയുള്ള വിജിയുടെ ഭർത്താവ് നാരായണനെയും മൂത്ത മകളെയും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.കുടുംബം കോതമംഗലത്ത് വാടകവീട്ടിലായിരുന്നു താമസം. വാടക കുടിശ്ശികയായതിനെ തുടർന്ന് താമസം നഷ്ടപ്പെട്ട ഇവർ കോതമംഗലം പൊലീസ് സ്റ്റേഷനിൽ സഹായം തേടിയെത്തിയിരുന്നു. പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഇവർക്ക് നെല്ലിക്കുഴിയിൽ പുതിയ വാടകവീട് കണ്ടെത്തി നൽകുകയും ഒരാഴ്ചയ്ക്കകം അവിടെ താമസം മാറുമെന്ന് കുടുംബം അറിയിക്കുകയും ചെയ്തിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിജിയുടെ ആരോഗ്യപ്രശ്നങ്ങളും കുടുംബത്തെ ഗുരുതരമായ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം അപകടമാണോ, ആത്മഹത്യയാണോ, അതോ മറ്റേതെങ്കിലും ദുരൂഹ സാഹചര്യമാണോ എന്നത് ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.