Banner Ads

കൊല്ലങ്കോട് ബീവറേജ് ഔട്ട്‌ലെറ്റിൽ കവർച്ച: ഓണാവധിക്ക് പിന്നാലെ മോഷണവിവരം പുറത്ത്.

കൊല്ലങ്കോട്: പാലക്കാട്: ഓണാവധിക്ക് പിന്നാലെ കൊല്ലങ്കോട് ബീവറേജ് ഔട്ട്‌ലെറ്റിൽ വൻ മോഷണം. തിരുവോണത്തലേന്നാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഔട്ട്‌ലെറ്റിലെ ജീവനക്കാർ അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.

ഔട്ട്‌ലെറ്റിന്റെ ഒരു വശത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വ്യത്യസ്ത ബ്രാൻഡുകളിലുള്ള ലക്ഷക്കണക്കിന് രൂപയുടെ മദ്യക്കുപ്പികൾ പത്ത് ചാക്കുകളിലാക്കി കടത്തിക്കൊണ്ട് പോയതായാണ് വിവരം. സംഭവമറിഞ്ഞ് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.സംസ്ഥാനത്ത് ഈ ഓണക്കാലത്ത് മദ്യവിൽപ്പനയിൽ വൻ വർധനവുണ്ടായി എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ മോഷണവാർത്ത പുറത്തുവരുന്നത്.

ഈ വർഷം ഉത്രാടം വരെയുള്ള പത്ത് ദിവസങ്ങളിൽ 826 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 776 കോടിയായിരുന്നു. ഉത്രാട ദിനത്തിൽ മാത്രം 137 കോടിയുടെ മദ്യം വിറ്റു. കരുനാഗപ്പള്ളി ഔട്ട്‌ലെറ്റാണ് വിൽപ്പനയിൽ ഒന്നാം സ്ഥാനത്തെത്തിയത്.