
കോഴിക്കോട്: കോഴിക്കോട്: കോഴിക്കോട് നന്തിയിൽ ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന ഭാഗത്തെ ഓടയിൽ വഴിയാത്രക്കാരി വീണു. ഓടയുടെ മുകളിലെ സ്ലാബ് പൊട്ടിപ്പോയതാണ് അപകടത്തിന് കാരണമായത്.ദേശീയപാതയുടെ നിർമ്മാണ പ്രവർത്തി നടക്കുന്ന സർവീസ് റോഡിന് സമീപത്തുള്ള ഓടയിലാണ് അപകടമുണ്ടായത്.
ഈ ഓടയുടെ മുകളിലൂടെ സ്ഥിരമായി വാഹനങ്ങൾ കയറിപ്പോകുന്നതിനെ തുടർന്നാണ് സ്ലാബ് പൊട്ടിപ്പോയത്.ശക്തമായ മഴ പെയ്തതിനെ തുടർന്ന് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെള്ളക്കെട്ടുള്ളതിനാൽ റോഡും ഓടയും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് വഴിയാത്രക്കാരി ഓടയിലേക്ക് വീണത്.വഴിയാത്രക്കാരി വീണ ഉടനെ തൊട്ടുപിന്നാലെ വന്ന സ്വകാര്യബസ് ജീവനക്കാരാണ് ഓടിയെത്തി ഇവരെ കൈപിടിച്ച് എഴുന്നേൽപ്പിച്ചത്.
ഇത് ആദ്യമായിട്ടല്ല ഇവിടെ അപകടം സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യബസിന്റെ മുൻ ടയർ കുഴിയിലേക്ക് വീണ് അപകടമുണ്ടായിരുന്നു.ഇന്നലെ നടന്ന അപകടത്തിൽ, നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ബസ് തള്ളി കുഴിയിൽ നിന്ന് കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ, നിർമ്മാണ പ്രവർത്തി നടക്കുന്ന ഭാഗത്തെ സുരക്ഷാ വീഴ്ചക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.