Banner Ads

ഇന്ധന വിപണിയിൽ വിപ്ലവം; നൂറ് ശതമാനം എഥനോൾ മിശ്രിതത്തിലേക്ക് ഇന്ത്യയെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി : ഊർജ്ജ മേഖലയിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് നൂറ് ശതമാനം എഥനോൾ മിശ്രിതം നടപ്പിലാക്കാൻ ഇന്ത്യ ഒരുങ്ങുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ആഗോള എണ്ണ വിപണിയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ഫോസിൽ ഇന്ധനങ്ങൾക്ക് ബദലായി പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങൾ വ്യാപകമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു.

നിലവിൽ ഇന്ത്യയുടെ പെട്രോൾ ആവശ്യകതയുടെ 87 ശതമാനവും ഇറക്കുമതി വഴിയാണ് നികത്തുന്നത്. ഇതിനായി വർഷം തോറും 22 ലക്ഷം കോടി രൂപയാണ് രാജ്യം ചെലവാക്കുന്നത്. എഥനോൾ വരുന്നതോടെ ഈ ഭീമമായ തുക ലാഭിക്കാനാകും. ബ്രസീൽ വിജയകരമായി നടപ്പിലാക്കിയ എഥനോൾ മിശ്രിത രീതി ഇന്ത്യയിലും നടപ്പിലാക്കാൻ സാധിക്കുമെന്ന് ഗ്രീൻ ട്രാൻസ്‌പോർട്ട് കോൺക്ലേവിൽ മന്ത്രി ചൂണ്ടിക്കാട്ടി.

മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കും. ഒരു കിലോ ഹൈഡ്രജന്റെ ഉത്പാദന ചെലവ് ഒരു ഡോളറിലേക്ക് കുറയ്ക്കാനായാൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഊർജ്ജ കയറ്റുമതി രാജ്യമായി മാറും. 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഇന്ധനക്ഷമതാ മാനദണ്ഡങ്ങൾ ഇലക്ട്രിക്, ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളെ ബാധിക്കില്ല.

പെട്രോൾ, ഡീസൽ വാഹനങ്ങൾ ഉപേക്ഷിക്കാൻ ആരെയും നിർബന്ധിക്കില്ല. എന്നാൽ വാഹന നിർമ്മാതാക്കൾ മികച്ച ഗുണനിലവാരമുള്ള ബദൽ ഇന്ധന വാഹനങ്ങൾ വിപണിയിലെത്തിക്കാൻ ശ്രദ്ധിക്കണം. എഥനോളിനെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയണമെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.