Banner Ads

ചൂടിൽ വെന്തുരുകി കേരളം; പത്തനംതിട്ടയിൽ ക്ലാസുകൾ നിരോധിച്ചു, 12 ജില്ലകളിൽ തീവ്ര താപനില മുന്നറിയിപ്പ്

പത്തനംതിട്ട : ജില്ലയിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് എല്ലാവിധ അവധിക്കാല ക്ലാസുകളും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെ ഒരിടത്തും വേനൽക്കാല ക്ലാസുകൾ പാടില്ലെന്നാണ് നിർദ്ദേശം. സംസ്ഥാനത്ത് ചൂട് അസാധാരണമായി ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് 36ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം.

പകൽ 10 മണി മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.  ചർമ്മരോഗമുള്ളവർ, ക്യാൻസർ രോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.