Banner Ads

പ്രണയപ്പക: ബെംഗളൂരുവിൽ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമം; സഹോദരങ്ങളെ മുറിയിൽ പൂട്ടിയിട്ടു

ബെംഗളൂരു : മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയെ മുൻ കാമുകൻ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമിച്ചു. ബെംഗളൂരു രാമഗൊണ്ടനഹള്ളി സ്വദേശിനി നന്ദിനി ദാസിനാണ് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തിന് ശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച മുൻ കാമുകൻ ബന്ദേ നവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ മണിപ്പാൽ ആശുപത്രിയിലും പ്രതിയെ വൈദേഹി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. നവാസും നന്ദിനിയും സ്കൂൾ പഠനകാലം മുതൽ പരിചയക്കാരാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെ മറ്റൊരാളുമായി നന്ദിനിയുടെ വിവാഹം കഴിഞ്ഞു.

ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. നന്ദിനിയുടെ വീട്ടിലെത്തിയ പ്രതി മാതാപിതാക്കൾ സ്ഥലത്തില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് വീട്ടിലുണ്ടായിരുന്ന നന്ദിനിയുടെ രണ്ട് ഇളയ സഹോദരങ്ങളെ ഒരു മുറിയിലാക്കി പൂട്ടിയിട്ടു. ഇതിനുശേഷമാണ് നന്ദിനിയെ ക്രൂരമായി ആക്രമിച്ചത്. യുവതിയുടെ കഴുത്തിലും കൈകളിലും വാരിയെല്ലിനും ഉൾപ്പെടെ ഗുരുതരമായി കുത്തേറ്റു.

നന്ദിനി ചോരയൊലിച്ച് നിലവിളിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഓടിയതോടെയാണ് അയൽക്കാർ വിവരം അറിയുന്നത്. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നാട്ടുകാർ വൈറ്റ്ഫീൽഡ് പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.