Banner Ads

കണ്ണീരോടെ മടക്കം: ദർശനം ലഭിക്കാതെ മലയിറങ്ങിയ ഭക്തർ പന്തളത്ത് വ്രതം പൂർത്തിയാക്കി.

പത്തനംതിട്ട: ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് ദർശനം നടത്താൻ കഴിയാതെ മടങ്ങിയ നിരവധി ഭക്തരാണ് ഇന്നലെയും ഇന്നുമായി പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി ഇരുമുടി കെട്ട് അഴിക്കുകയും നെയ്യഭിഷേകം നടത്തുകയും ചെയ്ത ശേഷം മാലയൂരി മടങ്ങിയത്.വർഷങ്ങളായി ശബരിമലയിൽ വന്നിട്ടും ഇങ്ങനെയൊരു ദുരനുഭവം ആദ്യമായിട്ടാണെന്ന് ഭക്തർ പറയുന്നു.പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീർത്ഥാടക സംഘവും ദർശനം നടത്താതെയാണ് മടങ്ങിയത്.

ഇന്നലെ ഉച്ചയോടെ പമ്പയിലെത്തിയ ഇവർ കഷ്ടിച്ച് മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാൽ, അതിനുശേഷമുള്ള മലകയറ്റം നിയന്ത്രണാതീതമായ തിരക്ക് കാരണം സാധിച്ചില്ല. യാതൊരുവിധ സൗകര്യങ്ങളും ലഭ്യമായിരുന്നില്ലെന്നും തീർത്ഥാടകർ പരാതിപ്പെട്ടു. ദർശനം നടക്കില്ലെന്ന് ഉറപ്പായതോടെ സംഘം പന്തളത്തേക്ക് പോവുകയും അവിടെ ഇരുമുടി കെട്ട് സമർപ്പിച്ച് മടങ്ങുകയാണെന്നും അറിയിച്ചു.ഇന്നലെ രാവിലെ മുതൽ ശബരിമലയിൽ വലിയ രീതിയിലുള്ള തിരക്കായിരുന്നു അനുഭവപ്പെട്ടത്.

ഉച്ചയോടെ തിരക്ക് നിയന്ത്രണാതീതമായതിനെ തുടർന്ന് ദർശന സമയത്തിൽ മാറ്റം വരുത്തിയിരുന്നു. ആവശ്യത്തിന് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ തീർത്ഥാടകർ ഇന്നലെ ഏറെ വലഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് കാര്യങ്ങൾ ഭാഗികമായി നിയന്ത്രണവിധേയമാക്കിയത്.ഇന്ന് രാവിലെ മുതൽ തിരക്കുണ്ടെങ്കിലും, നിയന്ത്രണം കടുപ്പിച്ചതോടെ കാര്യങ്ങൾ ഏറെക്കുറെ സാധാരണ നിലയിലായി. നിലവിൽ ഭക്തർക്ക് താരതമ്യേന സുഗമമായി ദർശനം നടത്താൻ കഴിയുന്നുണ്ട്.