
കൊച്ചി: സംസ്ഥാനത്തെ പോലീസ് സംഘടനകളുടെ ഘടന മാറ്റിക്കൊണ്ട് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ ഈ നടപടി വൻ തിരിച്ചടിയായി മാറുകയായിരുന്നു. ഭാരവാഹികൾ നൽകിയ ഹർജി പരിഗണിച്ച കോടതി, കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
സംഘടന രൂപീകരിക്കാനും പ്രവർത്തിക്കാനുമുള്ള ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് സർക്കാരിന്റെ ഉത്തരവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.സായുധ സേനാംഗങ്ങളുടെ മൗലികാവകാശങ്ങളിൽ മാറ്റം വരുത്താൻ പാർലമെന്റിന് മാത്രമാണ് അധികാരമുള്ളത്.47 വർഷമായി പ്രവർത്തിക്കുന്ന സംഘടനയുടെ അംഗത്വ ഘടന പെട്ടെന്ന് പുനഃസംഘടിപ്പിച്ചത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
ഇക്കഴിഞ്ഞ ജൂലൈ 27-നാണ് കേരള പോലീസ് അസോസിയേഷന്റെ അംഗത്വ ഘടന പുനഃസംഘടിപ്പിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പോലീസ് അസോസിയേഷൻ, സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ നിലവിലെ ഭരണസമിതികൾ പിരിച്ചുവിട്ട് ഡി.ജി.പി ഉത്തരവിറക്കിയിരുന്നു.