Banner Ads

കാൻസറിനോട് പുഞ്ചിരിയോടെ പോരാട്ടം: കൈയ്യിൽ ‘പിക് ലൈനു’മായി രേണു സുധിയുടെ അതിജീവന നൃത്തം; വൈറലായി വീഡിയോ

സോഷ്യൽ മീഡിയ: കാൻസർ എന്ന രോഗത്തിന്റെ കഠിനമായ വേദനകളെ മറികടന്ന് സോഷ്യൽ മീഡിയയിലൂടെ നിരന്തരം പ്രചോദനമാകുന്ന താരമാണ് രേണു സുധി. പാട്ടുപാടിയും നൃത്തം ചെയ്തും സ്വയം സന്തോഷം കണ്ടെത്തുകയും മറ്റുള്ളവർക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്ന രേണു പങ്കുവെച്ച ഏറ്റവും പുതിയ ഡാൻസ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

‘ആകാശഗംഗ’ എന്ന ചിത്രത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനമായ “വൈകാശി തിങ്കളിറങ്ങും…” എന്ന പാട്ടിനാണ് രേണു ചുവടുവെച്ചിരിക്കുന്നത്.ചികിത്സയുടെ ഭാഗമായി കൈയ്യിൽ പിക് ലൈൻ (PICC line) ഇട്ടുകൊണ്ടാണ് രേണു വീഡിയോയിലെത്തുന്നത്. ഫുൾ കൈ വസ്ത്രങ്ങൾ ഇടാൻ സാധിക്കാത്തതിനാൽ വസ്ത്രത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ചും രേണു പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. “കൈയ്യിൽ വേദനയുള്ളതിനാൽ ഫുൾ കൈ വസ്ത്രങ്ങൾ ഇടാൻ പാടില്ല, അതിനാൽ പുതിയ സൽവാർ പ്രത്യേക രീതിയിലാണ് തയ്പ്പിച്ചത്,” എന്ന് രേണു കുറിച്ചു.

പച്ച നിറത്തിലുള്ള സൽവാറിൽ പതിവു പുഞ്ചിരിയോടെ നൃത്തം ചെയ്യുന്ന രേണുവിനെ “ശരിക്കുമൊരു പോരാളി” എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. രോഗത്തെ ഭയക്കാതെ മുന്നോട്ടുപോകുന്ന മനോധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് പോസ്റ്റിന് താഴെ ആശംസകൾ കുറിക്കുന്നത്.കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് തികഞ്ഞ സന്തോഷവും സിൽവർ പ്ലേ ബട്ടൺ ലഭിച്ച വിവരവും രേണു പങ്കുവെച്ചത്.

തന്റെ രണ്ടാമത്തെ കീമോതെറാപ്പി പൂർത്തിയായ വിവരവും അന്ന് ആരാധകരെ അറിയിച്ചിരുന്നു.ഏത് പ്രതിസന്ധിയിലും കൈവിടാത്ത മനോധൈര്യവും തനിക്കായി പ്രാർത്ഥിക്കുന്നവരുടെ സ്നേഹവുമാണ് ഈ പോരാട്ടത്തിൽ മുന്നോട്ടുനയിക്കുന്നതെന്ന് രേണു വ്യക്തമാക്കുന്നു.