തിരുവനന്തപുരം:മാസങ്ങളോളം അടഞ്ഞുകിടന്ന നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ നവീകരണം പൂർത്തീകരിച്ചു.ഇന്നലെ രാവിലെ മുതൽ ഡിപ്പോയിൽ നിന്ന് ബസ് സർവീസുകൾ ആരംഭിച്ചു. ഒരുമാസക്കാലം നഗരത്തിന്‍റെ വിവിധ സെക്ടറുകൾ ക്രമീകരിച്ചായിരുന്നു സർവീസുകൾ നടത്തിയിരുന്നത്.
ബസ് ഡിപ്പോയിലെ യാർഡിന്‍റെയും മെക്കാനിക്കൽ ഏരിയയുടെയും ശോചനീയാവസ്ഥയും യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്തായിരുന്നു നവീകരണം.മന്ത്രിയും സ്ഥലം എംഎൽഎയുമായ ജിആർ അനിലിന്‍റെ ആസ്തിവികസന ഫണ്ടിൽ നിന്ന് 80-ലക്ഷം രൂപ വിനിയോഗിച്ചാണ് ഡിപ്പോ നവീകരണംപൂർത്തിയായത് . ബസ് സ്റ്റാൻഡിലെ സർവീസ് ഏരിയ ക്രമപ്പെടുത്തിയതുകൂടാതെ പൊലീസ് എയ്ഡ്പോസ്റ്റിന് സ്ഥിരം കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.
ഏറെക്കാലമായുള്ള മറ്റൊരു ആവശ്യമായ ഡിപ്പോയിലെ സിസിടിവി നിരീക്ഷണത്തിന് എംഎൽഎ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സർവീസ് ആരംഭിച്ചതിന് പിന്നാലെ ബജറ്റ് ടൂറിസം സെല്ലിൽ നിന്നും പുതിയ യാത്രാ പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട് . കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ഇടവമാസത്തിലെ ചോതി നക്ഷത്രം മുതൽ മിഥുനമാസത്തിലെ ചിത്തിര നക്ഷത്രം വരെ നടക്കുന്ന വൈശാഖ ഉത്സവത്തിൽ പങ്കെടുക്കാൻ ഭക്തജനങ്ങളുടെ ആവശ്യപ്രകാരം നെടുമങ്ങാട് ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തിൽ ജൂൺ 15, ജൂൺ 23 എന്നീ ദിവസങ്ങളിൽ ആവശ്യമായ സർവീസ് ഏർപ്പെടുത്തി.
വയനാട് തിരുനെല്ലി ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, വടക്കുംനാഥ ക്ഷേത്രം ഇന്ന് തുടങ്ങി ദർശനം നടത്തുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ജൂൺ മാസത്തിൽ തന്നെ പൊൻമുടി, രാമക്കൽമേട്, പൗർണ്ണമിക്കാവ്, റോസ് മല, തെന്മല, വാഗമൺ, ഗവി, ഇലവിഴാപൂഞ്ചിറ, മണ്ണാറശാല തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ടൂർ പാക്കേജും സംഘടിപ്പിക്കുന്നുണ്ട്.