
തിരുവനന്തപുരം:തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സമീപത്തെ കടയുടമയായ സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. വലിയതുറ സ്വദേശി ഷിജിഷ് സ്റ്റാൻലി (32) ആണ് വലിയതുറ പോലീസിന്റെ പിടിയിലായത്.പ്രദേശത്ത് തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് കടയുടമകൾക്കിടയിൽ നേരത്തെ തന്നെ തർക്കങ്ങൾ നിലനിന്നിരുന്നു.
ഇതിനിടെയാണ് പ്രതിയായ ഷിജിഷ് സമീപത്തെ കട നടത്തുന്ന സ്ത്രീയെ ക്രൂരമായി ആക്രമിച്ചത്. സ്ത്രീ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ഇവരെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.പിടിയിലായ ഷിജിഷ് സ്റ്റാൻലി സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കി.
വലിയതുറ, പൂന്തുറ തുടങ്ങിയ സ്റ്റേഷൻ പരിധികളിലായി വധശ്രമം ഉൾപ്പെടെ ഏഴോളം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വലിയതുറ പോലീസാണ് കേസന്വേഷിക്കുന്നത്.