Banner Ads

മെറ്റയെ ഉപയോഗിച്ച് വാർത്തകൾ നീക്കുന്നു; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി വി കെ സനോജ്

തിരുവനന്തപുരം : വിമർശനങ്ങളെ ഭയക്കുന്ന മുഖ്യമന്ത്രി തനിക്കെതിരായ വാർത്തകൾ തടയാൻ അധികാരദുർവിനിയോഗം നടത്തുകയാണെന്ന് വി കെ സനോജ്. എം ഡി എം എ കേസ് പ്രതികളുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന വാർത്തകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നീക്കം ചെയ്യുകയാണെന്ന് വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു.

ആർ എസ് എസുമായി അടുത്ത ബന്ധമുള്ളതിനാലാണ് മെറ്റയുമായി ചേര്‍ന്ന് മിനിറ്റുകൾക്കുള്ളിൽ വാർത്തകൾ നീക്കം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സാധിക്കുന്നതെന്ന് സനോജ് ആരോപിച്ചു. ആക്ഷേപകരമായ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിന്ന് കൂട്ടത്തോടെ നീക്കം ചെയ്യുന്ന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നീക്കം അത്യന്തം സംശയാസ്പദമാണ്.

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള പ്രതികളെ പിടികൂടിയിട്ടും ചില ദൃശ്യ-പത്ര മാധ്യമങ്ങൾ ഇതിന് വെള്ളപൂശാനാണ് ശ്രമിക്കുന്നത്. ചിലർ ഇത് റിപ്പോർട്ട് ചെയ്യാൻ പോലും തയ്യാറാകുന്നില്ല. എം ഡി എം എ കേസ് പ്രതികളുമായുള്ള ബന്ധം മറച്ചുവെക്കാൻ മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുകയാണ്.

പൊതുപ്രവർത്തകരുടെ പോസ്റ്റുകൾ വരെ നീക്കം ചെയ്യുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനും പൗരന്മാരുടെ പ്രതികരണ അവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണെന്ന് വി കെ സനോജ് പറഞ്ഞു.