Banner Ads

മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയിട്ടും അനങ്ങിയില്ല; നിലമ്പൂർ വനപാതയോരത്തെ പാറപ്പുറത്ത് പുള്ളിപ്പുലി

മലപ്പുറം : നിലമ്പൂർ കരുളായി നെടുങ്കയത്ത് പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയോരത്ത് പുള്ളിപ്പുലിയെ കണ്ടെത്തി. ചെറുപുഴ-നെടുങ്കയം പാതയിൽ ചെറുപുഴ വനം ചെക്ക് പോസ്റ്റിൽനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാറി റോഡരികിലുള്ള ആനപ്പാറയ്ക്ക് മുകളിലാണ് പുലിയെ കണ്ടത്.

നെടുങ്കയം ട്രൈബൽ വില്ലേജിലെ രതീഷാണ് രാവിലെ ആറുമണിയോടെ ജോലിക്ക് പോകുന്നതിനിടെ പുലിയെ ആദ്യമായി കണ്ടത്. ആനപ്പാറയ്ക്ക് മുകളിൽ വിശ്രമിക്കുകയായിരുന്ന പുലിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തിയിട്ടും യാതൊരു പ്രകോപനവുമില്ലാതെ പുലി നോക്കിക്കിടക്കുകയായിരുന്നു.

കുറച്ചുസമയത്തിന് ശേഷം പുലി പതുക്കെ താഴെയിറങ്ങി കാട്ടിലേക്ക് മറഞ്ഞു. ആന, മാൻ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെ ഈ പാതയോരത്ത് കാണാറുണ്ടെങ്കിലും പകൽ സമയത്ത് പുലിയെ കാണുന്നത് തികച്ചും അപൂർവമാണെന്ന് വനവാസികള്‍ പറഞ്ഞു.

ഇവിടെ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള നെടുങ്കയം ട്രൈബൽ വില്ലേജിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. ഇതിനകം തന്നെ കർഷകരുടെ നിരവധി ആടുകളെയും വളർത്തുനായകളെയും പുലി പിടികൂടിയിട്ടുണ്ട്. നിരവധി വിനോദസഞ്ചാരികൾ കടന്നുപോകുന്ന വനപാതയാണിത്.