
ഇടുക്കി : ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തകരോടും മേലുദ്യോഗസ്ഥരോടും മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സിവിൽ പോലീസ് ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇടുക്കി ജില്ലാ പോലീസ് ആസ്ഥാനത്തെ സിവിൽ പോലീസ് ഓഫീസറായ അഖിൽ മാത്യുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ എ നസീം ഐപിഎസ് ആണ് ഉത്തരവിറക്കിയത്. 2026 ഏപ്രിൽ 18നാണ് സംഭവം. ഇടുക്കി ഡിവൈഎസ്പി ഓഫീസിലേക്ക് ഫോൺ വിളിച്ച അഖിൽ മാത്യു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് മോശമായ ഭാഷയിൽ സംസാരിക്കുകയും മേലുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അഖിൽ മാത്യുവിന്റെ വീടിന് മുന്നിലുണ്ടായ വഴക്ക് അന്വേഷിക്കാനെത്തിയ ഇടുക്കി പോലീസ് സ്റ്റേഷനിലെ എസ്ഐയെയും ഇയാൾ അസഭ്യം പറഞ്ഞതായി പരാതിയുണ്ട്. പോലീസ് സേനയിൽ ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്കലംഘനവും നടത്തിയതായി വകുപ്പുതല പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. നേരത്തെയും സമാനമായ രീതിയിൽ സസ്പെൻഷൻ നടപടി നേരിട്ടയാളാണ് അഖിൽ മാത്യു.