Banner Ads

സംസ്ഥാനത്തിന് ആശ്വാസം: എൻടിപിസിയിൽ നിന്നുള്ള വൈദ്യുതി കരാർ മൂന്ന് വർഷത്തേക്ക് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി എൻടിപിസിയിൽ (NTPC) നിന്നുള്ള വൈദ്യുതി കരാർ കാലാവധി നീട്ടി നൽകി. എൻടിപിസിയിൽ നിന്നും ലഭ്യമായിരുന്ന 177 മെഗാവാട്ട് വൈദ്യുതി ഇനി മൂന്ന് വർഷത്തേക്ക് കൂടി കേരളത്തിന് ലഭിക്കും. കരാർ പുതുക്കുന്നതിനായി കെഎസ്ഇബി സമർപ്പിച്ച അപേക്ഷയ്ക്ക് സംസ്ഥാന എലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി.

എൻടിപിസിയുടെ ബീഹാറിലുള്ള ബർഹ് താപവൈദ്യുതി നിലയത്തിൽ നിന്നാണ് കേരളത്തിന് ഈ വൈദ്യുതി ലഭ്യമാകുന്നത്. ബർഹ് സ്റ്റേജ് ഒന്നിൽ നിന്ന് യൂണിറ്റിന് 5.52 രൂപ നിരക്കിൽ 80 മെഗാവാട്ടും, സ്റ്റേജ് രണ്ടിൽ നിന്ന് യൂണിറ്റിന് 4.67 രൂപ നിരക്കിൽ 97 മെഗാവാട്ട് വൈദ്യുതിയുമാണ് ലഭിക്കുക.

റെഗുലേറ്ററി കമ്മീഷന്റെ പുതിയ ഉത്തരവോടെ 2029 മാർച്ച് വരെ ഈ വൈദ്യുത വിഹിതം സംസ്ഥാനത്തിന് തുടർന്നും ഉപയോഗപ്പെടുത്താം. വരുന്ന വേനൽക്കാലത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടാനും നിലവിലെ ക്ഷാമം പരിഹരിക്കാനും ഈ തീരുമാനം വലിയ തണലാകും.