
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാല് ശതമാനം ക്ഷാമബത്ത ഡിഎ കുടിശ്ശിക ചേർത്തുള്ള പുതുക്കിയ ശമ്പളം ഇന്ന് (നവംബർ 1) മുതൽ ലഭിക്കും. 2023 ജനുവരി 1 മുതൽ നൽകേണ്ടിയിരുന്ന 4% ഡിഎ കുടിശ്ശികയാണ് ഇപ്പോൾ നൽകുന്നത്. ഈ തുക ഒക്ടോബറിലെ ശമ്പളത്തോടൊപ്പമാണ് ലഭിക്കുക.
സർക്കാർ ജീവനക്കാർ, അധ്യാപകർ (എയ്ഡഡ് സ്കൂൾ ജീവനക്കാർ ഉൾപ്പെടെ), തദ്ദേശ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാർഎന്നിവർക്കാണ് ലഭിക്കുന്നത്. വിരമിച്ചവര്‍ക്കുള്ള പുതുക്കിയ പെന്‍ഷനും ഇന്ന് മുതല്‍ ലഭിക്കും. ക്ലർക്ക് തസ്തികയിലുള്ളവർക്ക് 1060 രൂപ കൂടും. എൽപിഎസ്‌എ- 1424 രൂപ, എച്ച്‌എസ്‌എ- 1652 രൂപ, പൊലീസ് കോൺസ്‌റ്റബിൾ-1244 രൂപ, അസി. എൻജിനിയർ-2208 രൂപ,
സെക്രട്ടറിയറ്റ് അസിസ്‌റ്റന്റ്- 1572 രൂപ, നഴ്‌സിങ് ഓഫീസർ 1572 രൂപ എന്നിങ്ങനെയാണ് വർധിക്കുക. നിലവിൽ 4% കുടിശ്ശിക നൽകിയെങ്കിലും ഇനിയും അഞ്ച് ഗഡുക്കളിലായി മൊത്തം 13% ക്ഷാമബത്ത കുടിശ്ശിക നൽകാനുണ്ട്. 3%, 3%, 3%, 2%, 2% എന്നിങ്ങനെയാണ് ഈ ഗഡുക്കൾ. 2023 ജൂലൈ 1 മുതലുള്ള കുടിശ്ശികയാണിത്. ഈ സർക്കാരിന്റെ കാലത്ത് അനുവദിച്ച അഞ്ച് ഗഡുക്കളുടെ 191 മാസത്തെ കുടിശ്ശികയും നൽകാനുണ്ട്.