
ഇടുക്കി : അടിമാലി കൂമ്പൻപാറ ലക്ഷംവീട് ഉന്നതി ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന അടിമാലി ഗവൺമെൻ്റ് ഹൈസ്കൂളിന് നാളെ (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു.
അപകടത്തിൽ ബിജു എന്ന യുവാവിന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന ബിജുവും ഭാര്യ സന്ധ്യയും ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെട്ട സന്ധ്യ ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്.
സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കാൽമുട്ടിന് താഴോട്ട് എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞുവെന്നും രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ അറിയിച്ചു. ഇടതുകാലിൽ ഒമ്പത് മണിക്കൂറിലധികം രക്തയോട്ടം നിലച്ചിരുന്നു. ഇടതുകാൽ മുറിച്ചുമാറ്റാതിരിക്കാൻ സാധ്യമായ എല്ലാ ചികിത്സകളും നൽകുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
വലതുകാലിലെ പേശികൾക്ക് ചതവുണ്ടെങ്കിലും രക്തയോട്ടം സാധാരണ നിലയിലാണ്. സന്ധ്യയെ ആശുപത്രിയിൽ എത്തിച്ചത് അർദ്ധബോധാവസ്ഥയിലായിരുന്നു. ഭർത്താവ് ബിജു മരിച്ച വിവരം സന്ധ്യയെ ഇതുവരെ അറിയിച്ചിട്ടില്ല.