Banner Ads

ദില്ലി ചെങ്കോട്ട സ്ഫോടനം: പിന്നിൽ ആര്? ഉത്തരം തേടി എൻ.ഐ.എയുടെ 10 അംഗ സംഘം

ദില്ലി: രാജ്യത്തെ ഞെട്ടിച്ച ചെങ്കോട്ട സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ഏറ്റെടുത്തു. കേസ് അന്വേഷിക്കുന്നതിനായി എൻ.ഐ.എ. അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാഖ്റെയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ആഭ്യന്തര മന്ത്രാലയം കേസ് എൻ.ഐ.എ.ക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കശ്മീർ, ദില്ലി പോലീസ് എന്നിവിടങ്ങളിൽ നിന്ന് ഏജൻസി കേസിന്റെ രേഖകൾ ഏറ്റെടുത്തു.

അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല.സുരക്ഷാ കാരണങ്ങളാൽ ലാൽ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈൻ ഡി.എം.ആർ.സി. അടച്ചിട്ടിരിക്കുകയാണ്.സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ പോലീസ് പരിശോധനകൾ തുടരുകയാണ്. സർവകലാശാലയിലെ പള്ളിയിലെ പുരോഹിതനായ ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖിനെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസ് സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്യുകയും സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു.സ്ഫോടനം നടന്നത് അബദ്ധത്തിലായിരിക്കാം എന്ന സംശയം അന്വേഷണ ഏജൻസികൾക്ക് ബലപ്പെടുന്നുണ്ട്. സ്ഫോടക വസ്തുക്കൾ മറ്റെവിടേക്കോ മാറ്റാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക അനുമാനം.ചാവേറാക്രമണം നടത്തിയെന്ന് പോലീസ് കണ്ടെത്തിയ പുൽവാമാ സ്വദേശി ഡോ. ഉമർ നബി, കൂട്ടാളി മുസമീൽ എന്നിവർ നേരത്തെ റെഡ്ഫോർട്ട് പരിസരത്ത് എത്തിയിരുന്നു.

ഈ വർഷം ജനുവരിയിലും ഇവർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നു എന്നും പോലീസ് പറയുന്നു. സ്ഫോടനം നടന്ന ദിവസം ദില്ലി മയൂർ വിഹാറിലും ഉമറിന്റെ വാഹനം എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.സ്‌ഫോടനത്തിന്‌ ഉപയോഗിച്ച ഐട്വന്റി കാർ ഒക്‌ടോബർ 29ന്‌ പുകപരിശോധനാ കേന്ദ്രത്തിൽ നിർത്തിയിട്ട ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടുപേർ കാറിന്‌ സമീപം നിൽക്കുന്നതും കറുത്ത മാസ്‌ക്‌ ധരിച്ച ഡോ. ഉമർ നബി കാറോടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌.

സ്ഫോടനം നടന്ന തിങ്കളാഴ്‌ച പകൽ 8.13ന്‌ ബദർപുർ ടോൾ പ്ലാസ വഴിയാണ്‌ കാർ ഡൽഹിയിലേക്ക്‌ പ്രവേശിച്ചത്‌.സ്ഥലത്ത് നിന്ന് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയത്തിൽ കൂടുതൽ പരിശോധനകൾ നടക്കുകയാണ്. സ്ഫോടനം നടത്തിയ ശേഷം 11 മണിക്കൂറോളം ഉമർ ദില്ലിയിലുണ്ടായിരുന്നു എന്നും കൊണാട്ട് പ്ലേസ് അടക്കമുള്ള സ്ഥലങ്ങളിൽ ഇയാൾ പോയെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.