
കോഴിക്കോട് : കനത്ത മഴയുടെയും റെഡ് അലർട്ട് പ്രവചനത്തിന്റെയും പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ (09.06.2026, ചൊവ്വാഴ്ച) അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
സ്കൂളുകൾ , മദ്രസകൾ,ട്യൂഷൻ സെൻ്റെറുകൾ, പ്രൊഫഷണൽ കോളേജുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾ, പൊതു പരീക്ഷകൾ, പി എസ് സി പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല.
കാസർകോട് ജില്ലയിലെ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. അങ്കണവാടികൾക്കും അവധി ബാധകമാണ്. പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലും വരും ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുമെന്ന മുന്നറിയിപ്പുള്ളതിനാലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.