
കൊച്ചി:പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ നിലപാട് മയപ്പെടുത്തുന്നുവെന്ന വാർത്തയോട് രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത് സർക്കാരിന്റെ ആത്മഹത്യാപരമായ തീരുമാനമാണെന്നും ഗവൺമെന്റിന്റെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കാൻ തീരുമാനിച്ച ശേഷം, മന്ത്രിസഭയിലെ ഒരു ഘടകകക്ഷിയുടെ (സിപിഐ) എതിർപ്പിനെ തുടർന്ന് പിൻവലിക്കുന്നു എന്ന് പറയുന്നത് സർക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്.
“എല്ലാ കാര്യങ്ങളിലും ഉറച്ച നിലപാടുള്ള സർക്കാരാണ്, എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ച് പോകുന്ന സർക്കാരാണ്” എന്ന് പ്രഖ്യാപിച്ച പിണറായി വിജയൻ ഗവൺമെന്റിനുള്ള തിരിച്ചടിയാണിത്.പിഎം ശ്രീ പദ്ധതിയെക്കുറിച്ച് സിപിഐഎമ്മിന് കാര്യങ്ങൾ ബോധ്യമായി എന്നാണ് മന്ത്രി ശിവൻകുട്ടി പറഞ്ഞത്.താൻ ദേശീയ വിദ്യാഭ്യാസ നയം (NEP) പഠിച്ചെന്നും ഇതിൽ അപാകതയൊന്നും ഇല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർഥികളെ മുന്നോട്ട് നയിക്കാൻ കഴിയുന്ന പദ്ധതിയാണിതെന്ന് മനസ്സിലാക്കിയിട്ടാണ് സർക്കാർ ഇതിൽ ഒപ്പുവെച്ചത്.
മാത്രമല്ല, 2024-ൽ തന്നെ സർക്കാർ സമ്മതപത്രം കൃത്യമായി അറിയിച്ചതാണ്.പിഎം ശ്രീയുടെയും എൻഇപിയുടെയും ഭാഗമായ നിരവധി പദ്ധതികൾ ഇതിനോടകം കേരളത്തിൽ നടപ്പാക്കുന്നുണ്ട്. അതിനാൽ, ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടതുമുന്നണിയിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ വേണ്ടി സർക്കാർ ചെയ്യുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.