
പത്തനംതിട്ട: നിയമസഭാ സമ്മേളനത്തിന് അവധിയെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ശബരിമല ദർശനം നടത്തി. പുലർച്ചെ അഞ്ച് മണിക്ക് നട തുറന്നപ്പോഴാണ് അദ്ദേഹം ദർശനം നടത്തിയത്. പമ്പയിൽ നിന്ന് ഇരുമുടിക്കെട്ടുമായി കാൽനടയായി മല കയറിയാണ് രാഹുൽ സന്നിധാനത്ത് എത്തിയത്.
കഴിഞ്ഞ ദിവസമാണ് രാഹുൽ ശബരിമലയിലെത്തിയത്. രാത്രി 10 മണിയോടെ പമ്പയിലെത്തിയ അദ്ദേഹം അവിടെ കെട്ടുനിറച്ച് മലകയറാൻ തുടങ്ങി. നിയമസഭാ സമ്മേളനം ആരംഭിച്ച ആദ്യ ദിവസം സഭയിലെത്തിയെങ്കിലും, പിന്നീട് നടന്ന ദിവസങ്ങളിൽ അദ്ദേഹം ഹാജരായിരുന്നില്ല. മണ്ഡലത്തിൽ കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായാണ് ഈ ശബരിമല ദർശനം എന്നാണ് സൂചന.