
പ്രശസ്ത റാപ്പർ വേടനതിരായ (Vedan) ബലാത്സംഗ കേസിൽ തൃക്കാക്കര പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു എന്ന പരാതിക്കാരിയുടെ ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളാണ് കുറ്റപത്രത്തിലുള്ളത്.കേസിനാസ്പദമായ സംഭവങ്ങൾ നടന്നത് 2021-നും 2023-നും ഇടയിലാണ്.
ഈ വർഷം ജൂലൈയിലാണ് യുവതി തൃക്കാക്കര പോലീസിനെ സമീപിച്ചത്.വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്നാണ് വേടനെതിരായ പ്രധാന കേസ്. എന്നാൽ, ചോദ്യം ചെയ്യലിൽ, ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നാണ് വേടൻ പോലീസിന് മൊഴി നൽകിയത്.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാൻ ഏറെനാൾ വേടൻ ഒളിവിൽ കഴിഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ച ശേഷമാണ് പോലീസ് വേടനെ ചോദ്യം ചെയ്തത്. മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പോലീസും വേടനതിരേ കേസെടുത്തിരുന്നെങ്കിലും ആ കേസിലും സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.ബലാത്സംഗ കേസിന് പുറമെ മറ്റ് കേസുകളിലും വേടനതിരായ നിയമ നടപടികൾ പുരോഗമിക്കുകയാണ്.
കഞ്ചാവ് ഉപയോഗിച്ച കേസിൽ റാപ്പർ വേടനതിരായ കുറ്റപത്രം ഹിൽ പാലസ് പോലീസ് ഇന്നലെ തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ.വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ഏപ്രിൽ 28-നാണ് ഹിൽ പാലസ് പോലീസ് കഞ്ചാവ് പിടികൂടിയത്.വേടനടക്കം 9 പ്രതികളാണ് ഈ കേസിൽ ഉള്ളത്.കഞ്ചാവ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ, വേടനതിരേ പുലിപ്പല്ല് കൈവശം വെച്ചതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു.നിരവധി നിയമപ്രശ്നങ്ങളാണ് റാപ്പർ വേടൻ നിലവിൽ നേരിടുന്നത്.