Banner Ads

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്താം പ്രതി നവാസിന് ഇടക്കാല ജാമ്യം

കൊച്ചി : ബിജെപി – ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പത്താം പ്രതി നവാസിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

ഒരു മാസത്തേക്കാണ് ജാമ്യം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. ജയിലിൽ വെച്ച് പക്ഷാഘാതം വന്ന് ശരീരം തളർന്നതിനെ തുടർന്നാണ് നവാസിന് മാനുഷിക പരിഗണന നൽകി കോടതി താൽക്കാലിക ആശ്വാസം നൽകിയത്.

കേസിൽ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചതിനെ തുടർന്ന് ഒരു വർഷമായി ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. 2021 ഡിസംബർ 19നാണ് സംഭവം. തലേദിവസം (ഡിസംബർ 18) രാത്രി എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ കൊലപാതകം.

ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് രഞ്ജിത്തിനെ വെട്ടിക്കൊന്നത്. കേസിൽ അറസ്റ്റിലായതും കോടതി ശിക്ഷിച്ചതുമായ 15 പ്രതികളും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ എന്നിവയുടെ പ്രവർത്തകരാണ്.

ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന എൻആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി ചരിത്രപരമായ വിധിയാണ് പുറപ്പെടുവിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 156 സാക്ഷികളെ വിസ്തരിക്കുകയും ആയിരത്തോളം ഡിജിറ്റൽ-ഭൗതിക രേഖകൾ ഹാജരാക്കുകയും ചെയ്തു.

പ്രതികളുടെ വിരലടയാളങ്ങൾ, കൃത്യമായ സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ പൊലീസ് തയ്യാറാക്കിയ പ്രതികളുടെ സഞ്ചാര റൂട്ട് മാപ്പുകൾ തുടങ്ങിയ ശാസ്ത്രീയ തെളിവുകൾ കോടതി അംഗീകരിച്ചു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന് വിലയിരുത്തിയാണ് കേസിലെ 15 പ്രതികൾക്കും കോടതി ഒന്നിച്ച് വധശിക്ഷ വിധിച്ചത്.