
തിരുവനന്തപുരം : വയനാട് കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.
മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികളും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സൗജന്യ ചികിത്സാ സഹായവും സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്. വയനാട് – കള്ളാടി ആനക്കാംപൊയിൽ തുരങ്കപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.
മീനാക്ഷി പാലത്തിനടുത്തുള്ള വലിയ കുന്ന് ഇടിഞ്ഞ് നിർമ്മാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തുരങ്കപ്പാതയ്ക്കായി നിർമ്മിച്ച കോൺക്രീറ്റ് മതിൽ തകർന്നുവീണതിനൊപ്പം തൊഴിലാളികളുമായി എത്തിയ രണ്ട് ബസുകളും മണ്ണിനടിയിലായി.
പരിക്കേറ്റ 9 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. തുരങ്കപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടു.
ദുരന്തത്തെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും സാങ്കേതിക, നിയമപരമായ തലങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. ദുരന്തം നടന്ന സ്ഥലത്തിന് മുകളിലായി മറ്റൊരു ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടോ എന്ന പ്രാഥമിക റിപ്പോർട്ടുകൾ പരിശോധിക്കും.
നിർമ്മാണ മേഖലയിലെ പാരിസ്ഥിതികവും സാങ്കേതികവുമായ അപകടസാധ്യതകൾ പൂർണ്ണമായി വിലയിരുത്തി സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവദിക്കൂ എന്നും മുഖ്യമന്ത്രി അറിയിച്ചു.