
രാജ്ഭവനിൽ നടന്ന ഭാരതാംബ വിവാദത്തിൽ തന്റെ നിലപാട് കടുപ്പിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാരതാംബയുടെ ചിത്രം വേദിയിൽ നിന്ന് ഒഴിവാക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി. ചിത്രം ഒഴിവാക്കുമെന്ന് ആർക്കും ഉറപ്പ് നൽകിയിട്ടില്ലെന്നും, പരിപാടി ബഹിഷ്കരിച്ച മന്ത്രി വി. ശിവൻകുട്ടി പ്രോട്ടോക്കോൾ ലംഘിച്ചെന്നും രാജ്ഭവൻ വിശദീകരിച്ചതിന് പിന്നാലെയാണ് ഗവർണർ തന്റെ നിലപാട് വ്യക്തമാക്കിയത്.
അതോടൊപ്പം പരിപാടിയുടെ ഉദ്ഘാടനവും പുഷ്പാർച്ചനയും കഴിഞ്ഞ ശേഷമാണ് മന്ത്രി ശിവൻകുട്ടി എത്തിയതെന്നും, അതിന് ശേഷം മൈക്കിലൂടെ പരിപാടി ബഹിഷ്കരിക്കുന്നു എന്ന് പറയുകയായിരുന്നുവെന്നും രാജ്ഭവൻ വിശദീകരിച്ചു. ഇത് സംസ്ഥാന സർക്കാരിന്റെ പരിപാടിയല്ലാത്തതുകൊണ്ടാണ് വിളക്ക് തെളിയിച്ച് ഉദ്ഘാടനം നടത്തിയതെന്നും രാജ്ഭവൻ കൂട്ടിച്ചേർത്തു.
എന്നാൽ, മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷമാണ് താൻ രാജ്ഭവനിലെത്തിയതെന്നും, അപ്പോൾ ഭാരതാംബയുടെ ചിത്രത്തിൽ പൂവിട്ട് പൂജിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നുവെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തുടർന്ന് അധ്യക്ഷ പ്രസംഗം നടത്തുമ്പോൾ ഭാരതാംബയുടെ ചിത്രം വെച്ചതിൽ മന്ത്രി അതൃപ്തി പരസ്യമാക്കുകയായിരുന്നു. തുടർന്ന് ഗവർണർ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണെന്നും മന്ത്രി ആരോപിച്ചു.
എന്നാൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ചാണ് മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നുവെന്നും, എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നുവെന്നും ഇതോടെയാണ് മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു .