Banner Ads

ഹോർമുസ് കടലിടുക്കിൽ വീണ്ടും അജ്ഞാത ആക്രമണം: എണ്ണക്കപ്പലിന് തീപിടിച്ചു; ഭീതിയിൽ ഗതിമാറി കപ്പലുകൾ

ദുബായ് : ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം. ഒമാനിലെ ഖസബ് തീരത്തോട് ചേർന്ന് ചൊവ്വാഴ്ചയാണ് സംഭവം. അജ്ഞാത വസ്തു പ്രൊജക്റ്റൈൽ പതിച്ച് കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും ഉടൻ അണയ്ക്കാനായെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു.

കഴിഞ്ഞ ആഴ്ചയും ഇവിടെയുണ്ടായ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. ആക്രമണ ഭീഷണിയെ തുടർന്ന് ഹോർമുസിലൂടെയുള്ള കപ്പൽ നീക്കം വൻതോതിൽ ഇടിഞ്ഞു. പ്രതിദിനം 130ലധികം കപ്പലുകൾ സഞ്ചരിച്ചിരുന്ന പാതയിൽ ചൊവ്വാഴ്ച വെറും 5 കപ്പലുകൾ മാത്രമാണ് സർവീസ് നടത്തിയതെന്ന് കെപ്ലർ വ്യക്തമാക്കി.

മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇറാനും ഒമാനും ചേർന്ന് ഒരു താൽക്കാലിക സമുദ്ര ഇടനാഴി രൂപീകരിക്കാൻ ധാരണയായതായി റിപ്പോർട്ടുണ്ട്. വരുമാനം പങ്കുവെക്കുന്നത് ഉൾപ്പെടെയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അമേരിക്കയുടേത് സാമ്പത്തിക ഭീകരതയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു.

ജൂണിൽ ഒപ്പുവെച്ച താൽക്കാലിക സമാധാന കരാറിലെ വ്യവസ്ഥകൾ യു എസ് പാലിക്കുന്നതുവരെ കടലിടുക്ക് പൂർണ്ണമായി തുറക്കില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയും വ്യക്തമാക്കി.