
തിരുവനന്തപുരം: വീടിനു മുന്നിൽ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മംഗലപുരം സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ അൻസറിനെ (26) ആണ് പോലീസ് കൊല്ലം കൊട്ടിയത്തുനിന്ന് പിടികൂടിയത്.മംഗലപുരം സ്വദേശിയായ ബിജുവിനെയാണ് ദീപാവലി ദിനത്തിൽ അൻസറും അഞ്ചംഗ സംഘവും ചേർന്ന് വീട്ടിൽ കയറി ആക്രമിച്ചത്.
വെട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ദീപാവലി ദിവസം ബിജു വീടിനു മുന്നിൽ പടക്കം പൊട്ടിച്ചതിനെ ചൊല്ലി അയൽവാസിയായ അൻസറും സംഘവുമായി വാക്കേറ്റമുണ്ടാവുകയും, തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ബിജുവിന്റെ തലയ്ക്ക് വെട്ടുകയുമായിരുന്നു.അറസ്റ്റിലായ അൻസറിനെതിരെ കഴക്കൂട്ടം, കഠിനംകുളം, മംഗലാപുരം, പോത്തൻകോട്, നെടുമങ്ങാട്, വെഞ്ഞാറമൂട് തുടങ്ങിയ സ്റ്റേഷനുകളിലായി 22 കേസുകൾ നിലവിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.