
കൊച്ചി : ശബരിമലയിൽ അഷ്ടാഭിഷേകം, നിത്യപൂജ തുടങ്ങിയ പ്രധാന വഴിപാടുകൾക്ക് ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിയെ വിമർശിച്ച് ഹൈക്കോടതി. നടപടിയെ ന്യായീകരിച്ച് ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെവി ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് തള്ളി.
കഴിഞ്ഞ 10 വർഷത്തിനിടെ അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതിഹോമം ഉൾപ്പെടെയുള്ള വഴിപാടുകളുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ പർച്ചേസുകളുടെയും മുഴുവൻ രേഖകളും 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാൻ ബെഞ്ച് നിർദ്ദേശം നൽകി. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
വഴിപാടുകൾക്കാവശ്യമായ സാധനങ്ങൾ വാങ്ങുമ്പോൾ കേരള ഫിനാൻഷ്യൽ കോഡും പർച്ചേസ് മാന്വലും പാലിക്കേണ്ടതില്ലെന്ന ദേവസ്വം ബോർഡിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇത്തരമൊരു നിലപാട് വൻ ദുരുപയോഗത്തിനും സാമ്പത്തിക തട്ടിപ്പിനും വഴിയൊരുക്കുമെന്ന് കോടതി നിരീക്ഷിച്ചു.
പാലും റോസ് വാട്ടറും കരിക്കും പോലുള്ള ചില സാധനങ്ങൾ വേഗത്തിൽ നശിച്ചുപോകുന്നവയായതിനാൽ ബിൽ ഹാജരാക്കാൻ കഴിയില്ലെന്ന ബോർഡിന്റെ വാദവും കോടതി തള്ളി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് ദിവസേന 300 രൂപ വീതം കൈപ്പറ്റുന്ന രീതി ഇനി തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സുനിൽ കുമാർ ഉൾപ്പെടെയുള്ള സ്പോൺസർമാർ മഹാനിവേദ്യ പ്രസാദത്തിനായി നൽകിയ സാധനങ്ങൾക്ക് ബോർഡിന്റെ കൃത്യമായ നിർദ്ദേശമുണ്ടായിട്ടും രസീത് നൽകിയില്ലെന്നത് അതീവ ആശങ്കാജനകമാണ്. സ്പോൺസർമാർ നൽകിയ സാധനങ്ങളുടെ വിവരങ്ങൾ, സ്റ്റോക്ക് രജിസ്റ്റർ, ഓഡിറ്റർമാരുടെ റിപ്പോർട്ടുകൾ എന്നിവയും ഹാജരാക്കണം.
സാധനങ്ങൾ സ്വീകരിക്കുന്ന സമയത്ത് അതിന്റെ വിപണി തുക അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്വന്തം നിലയ്ക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന വിജിലൻസ് ആരോപണത്തിന് വ്യക്തമായ മറുപടി നൽകാൻ ദേവസ്വം ബോർഡിന് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിൽ ശബരിമലയിൽ പിന്തുടരുന്ന പർച്ചേസ് നടപടിക്രമങ്ങൾ എത്രത്തോളം സുതാര്യമാണെന്ന് വിശദമായി പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും ഹൈക്കോടതി നിർദേശിച്ചു.