കൊല്ലം : പുനലൂർ-മധുര-പുനലൂർ എക്സ്പ്രസ് ട്രെയിനുകള്‍ വില്ലുപുരം വരെ വർദ്ധിപ്പിക്കാൻ നിർദേശം. തിരുച്ചിറപ്പള്ളി ഡിവിഷണൽ റെയിൽവേ മാനേജരുടെ നിർദ്ദേശം നിലവിൽ റെയിൽവേ ബോർഡ് അവലോകനം ചെയ്യുകയാണ്. സതേൺ റെയിൽവേയുടെ ട്രാൻസ്പോർട്ടേഷൻ ബ്രാഞ്ച് ആസ്ഥാനത്ത് നിന്ന് സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള സാധ്യത ഉടനടി വിലയിരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പുതിയ നിർദേശപ്രകാരം 16729 മധുര-പുനലൂർ എക്സ്പ്രസ് വൈകുന്നേരം 6.30ന് വില്ലുപുരത്ത് നിന്ന് പുറപ്പെടണം. തിരുച്ചിറപ്പള്ളിയില്‍ രാത്രി 9.20ന് എത്തുകയും 9.25ന് യാത്ര തിരിക്കുകയും ചെയ്യും. മധുരയില്‍ 11.20 ന് വരുന്ന ട്രെയിൻ 11.20ന് അവിടുന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10ന് പുനലൂരില്‍ എത്തും. 16730 പുനലൂർ- മധുര എക്സ്പ്രസ് പുനലൂരില്‍ നിന്ന് വൈകുന്നേരം 5.15ന് പുറപ്പെടുകയും പിറ്റേ ദിവസം പുലർച്ചെ 2.55ന് എത്തുന്ന ട്രെയിൻ മൂന്ന് മണിക്ക് അവിടുന്ന് യാത്ര തിരിക്കുകയും തുടർന്ന് തിരുച്ചിറപ്പള്ളിയില്‍ രാവിലെ 5.05ന് എത്തുകയും ചെയ്യും.
തിരുച്ചിറപ്പള്ളിയില്‍ നിന്ന് 5.10ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ എട്ടിന് വില്ലുപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമം നിർദേശിച്ചിട്ടുള്ളത്. തിരുച്ചിറപ്പള്ളി ഡിവിഷനിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജരിൽ നിന്ന് നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. മുന്നോട്ട് പോകുന്നതിന് മധുര, തിരുച്ചിറപ്പള്ളി ഡിവിഷനുകളിലെ മെക്കാനിക്കൽ വിഭാഗം എഞ്ചിനീയർമാരുടെ ക്ലിയറൻസ് ആവശ്യമാണ്.
ക്ലിയറൻസ് ലഭിച്ചുകഴിഞ്ഞാൽ, വില്ലുപുരത്തേക്ക് ട്രെയിൻ സർവീസ് നീട്ടുന്നതിൽ അധിക തടസ്സങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. തിരുച്ചിറപ്പള്ളി, മധുര, തിരുവനന്തപുരം എന്നീ മൂന്ന് റെയിൽവേ ഡിവിഷനുകളിലൂടെയാണ് വിപുലീകരിച്ച സർവീസ് നടത്തുക.
കിളികൊല്ലൂരിനും പുനലൂരിനും ഇടയിൽ കൊല്ലം സ്റ്റേഷൻ കടന്ന് ട്രെയിൻ മധുര ഡിവിഷനിലേക്ക് പ്രവേശിക്കും. നിലവില്‍ 16729 നമ്പർ എക്സ്പ്രസ് രാത്രി 11.25ന് മധുരയില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10-നാണ് പുനലൂരില്‍ എത്തുക. അതുപോലെ 16730 നമ്പർ എക്സ്പ്രസ് വൈകുന്നേരം 5.15ന് പുനലൂരില്‍ നിന്ന് യാത്ര തുടങ്ങി അടുത്ത ദിവസം രാവിലെ 3.40-നാണ് പുനലൂരില്‍ എത്തുക.