Banner Ads

പി എസ് സി ക്രമക്കേട്: തിടുക്കത്തിൽ കേസെടുക്കില്ല; പഴുതടച്ച പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : സംസ്ഥാനത്തെ പി എസ് സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേട് പരാതികളിൽ പഴുതടച്ച അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. ആസൂത്രണ ബോർഡിലെ നിയമനത്തട്ടിപ്പ് വിവാദം കത്തുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാൻ മന്ത്രിസഭ തീരുമാനിച്ചത്.

രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി തിടുക്കത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ ധാരണ. കൃത്യമായ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനമെടുക്കൂ. ഐജി അജിതാ ബീഗത്തിന്‍റ നേതൃത്വത്തിലുള്ള സംഘമാണ് പി എസ് സി ക്രമക്കേട് അന്വേഷിക്കുന്നത്.

അന്വേഷണ സംഘത്തിൽ ഒരു എസ് പിയും ഒരു ഡി വൈ എസ് പിയും ഉൾപ്പെടുന്നു. പരീക്ഷകളുടെ മുഴുവൻ ഫയലുകളും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി എസ് സിക്ക് കത്ത് നൽകും. പി എസ് സി അധികൃതർ ഫയലുകൾ വിട്ടുനൽകിയില്ലെങ്കിൽ നിയമയുദ്ധത്തിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കേസ് ആദ്യം വിജിലൻസിന് വിടാനായിരുന്നു ആലോചനയെങ്കിലും ചില നിയമക്കുരുക്കുകൾ വില്ലനായി. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം നടത്തണമെങ്കിൽ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ടെന്നായിരുന്നു നിയമവകുപ്പിന്റെ ഉപദേശം.

എന്നാൽ, പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഇത്തരം മുൻകൂർ അനുമതികളുടെ ആവശ്യമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകി.