
തിരുവനന്തപുരം : പി എസ് സി ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണ്ണയത്തിലെ ക്രമക്കേടിൽ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ ഹരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരീക്ഷയിൽ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്നും ബോധപൂർവ്വം ആരെയും സഹായിച്ചിട്ടില്ലെന്നുമാണ് ക്രൈം ബ്രാഞ്ചിന് ഹരി നൽകിയ മൊഴി.
ഡെപ്യൂട്ടി സെക്രട്ടറിയാണ് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്തിയതെന്നും അദ്ദേഹം അറിയിച്ചതനുസരിച്ചാണ് വാല്യുവേഷൻ ക്ലോസ് ചെയ്തതെന്നും ഹരി പറഞ്ഞു. പിന്നീട് പരാതിക്കാരന് വിവരാവകാശ രേഖപ്രകാരം മറുപടി നൽകിയപ്പോഴാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്. പുനർമൂല്യനിർണ്ണയത്തിനുള്ള വിഷയം ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചെങ്കിലും കോടതിയിൽ കേസുള്ളതിനാൽ നടപടി ഉണ്ടായില്ലെന്നാണ് ഹരിയുടെ വിശദീകരണം.
കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് സസ്പെൻഷനിലായ ഹരി ഒളിവിലായിരുന്നു. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ കഴിയുകയായിരുന്ന അദ്ദേഹം എറണാകുളത്തെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് ഇന്നലെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. നേരത്തെ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെയും ഹരിയെയും ഒന്നിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പിഎസ്സി സെക്രട്ടറി സാജു ജോർജ്ജിനോട് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. പരീക്ഷാ കൺട്രോളർ ബിനി കെ എബ്രഹാമിനോട് തിങ്കളാഴ്ചയും 10 പി എസ് സി അംഗങ്ങളോട് തിങ്കളാഴ്ച മുതൽ ഹാജരാകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു.
സംഘത്തിൽ 2 എസ്പിമാരെയും ഒരു ഡിവൈഎസ്പിയെയും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം പിഎസ്സി ചെയർമാൻ എംആർ ബൈജുവും ആർ ഹരിയും ചേർന്ന് മറ്റുള്ളവരുമായി കൂടിയാലോചന നടത്താതെയാണ് തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നതെന്ന് ചില കമ്മീഷൻ അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.