
പാലക്കാട്: കൂനത്തറയിലെ ക്വാറിയിൽ നിന്നും നവജാത ശിശുവിൻറെ മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്തി. തൃശൂർ ആറ്റൂർ സ്വദേശിനിയായ എട്ടുമാസം ഗർഭിണിയായ 37 കാരി പ്രസവിച്ച ശേഷം ഉപേക്ഷിച്ച നവജാതശിശുവിൻ്റെ മൃതദേഹമാണ് ത്രാങ്ങാലിയിൽ നിന്നും കണ്ടെത്തിയത്.തൃശ്ശൂർ ചെറുതുരുത്തി ആറ്റൂർ സ്വദേശിനിയായ 37കാരി സ്വപ്നയാണ് പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത്.
ചെറുതുരുത്തി ആറ്റൂർ ഭഗവതിക്കുന്നിലെ വീട്ടിലെ ശുചിമുറിയിലാണ് യുവതി പ്രസവിക്കുന്നത്. വീട്ടുകാർ അറിയാതെ ഗർഭിണിയായതോടെ യുവതി എട്ടാം മാസം അബോർഷൻ വേണ്ടിയുള്ള ഗുളിക കഴിച്ചു. ഗുളിക കഴിച്ചു മൂന്നാം ദിവസം യുവതി പ്രസവിക്കുകയായിരുന്നു. പുറത്തുവന്ന നവജാത ശിശുവിനെ ഒരു സഞ്ചിയിലാക്കി സൂക്ഷിക്കുകയും പിന്നീട് ഉപേക്ഷിക്കുകയുമായിരുന്നു. കൂനത്തറയിലുള്ള സ്വന്തം വീട്ടുകാരെ അമിത രക്തസ്രാവം ആണെന്ന് ബോധിപ്പിക്കുകയും ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന വിവരം പങ്കുവെക്കുകയും ചെയ്തതിനെ തുടർന്ന് കൂനത്തറയിലെ വീട്ടിലേക്ക് വരാൻ ഇവർ നിർദ്ദേശിക്കുകയായിരുന്നു.
അങ്ങനെയാണ് സഞ്ചിയിൽ സൂക്ഷിച്ച നവജാത ശിശുവിൻറെ മൃതദേഹവും കയ്യിൽ കരുതി യുവതി കൂനത്തറയിലെ വീട്ടിലെത്തുന്നത്. കയ്യിൽ കരുതിയ കവറിൽ രക്തംപുരണ്ട വേസ്റ്റ് തുണികൾ ആണെന്ന് ധരിപ്പിക്കുകയും ബന്ധുക്കളോട് അത് ഉപേക്ഷിക്കാനായി ആവശ്യപ്പെടുകയും ആയിരുന്നു. ഇത് പ്രകാരം നവജാതശിശു കവറിനുള്ളിൽ ഉണ്ടെന്ന വിവരം പോലും അറിയാത്ത യുവതിയുടെ സഹോദരനാണ് സമീപത്തെ ക്വാറിമടയിൽ ഈ കവർ ഉപേക്ഷിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
രണ്ടാഴ്ചക്കിപ്പുറം യുവതി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്തോടെയാണ് സംഭവം പുറത്തായത്. ചെറുതുരുത്തി പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് കേസെടുത്തു. പ്രസവാനന്തരം കുട്ടി മരിച്ചിരുന്നോ എന്നത് പൊലീസ് പരിശോധിക്കുന്നുണ്ട് .