Banner Ads

ഡൽഹിയിൽ പ്രതിഷേധം കനക്കുന്നു: 6 കേസുകൾ, 18 അറസ്റ്റ്; കൂടുതൽ നടപടിക്ക് പൊലീസ്

ദില്ലി : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ശക്തമാക്കി. സംഭവത്തിൽ ഇതുവരെ 6 കേസുകൾ രജിസ്റ്റർ ചെയ്യുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കേസ് എടുത്തിട്ടുള്ളത്.

വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന സൂചനയും പൊലീസ് നൽകി. മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന എസിപി വിവേക് ഭഗത്തിനെതിരെയുള്ള ദൃശ്യങ്ങൾ വ്യാജമാണെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിൽക്കുന്നു. എസിപിയെ മോശക്കാരനായി ചിത്രീകരിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ പോസ്റ്റർ നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. വ്യാജ പ്രചാരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.