Banner Ads

പ്രക്ഷോഭം പൂർണ്ണം: ആശ പ്രവർത്തകർ രാപ്പകൽ സമരം അവസാനിപ്പിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ 266 ദിവസം നീണ്ട രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു. കേരളപ്പിറവി ദിനമായ നാളെ (നവംബർ 1) സമരത്തിന്റെ രൂപമാറ്റം പ്രഖ്യാപിക്കും. ഇനി പോരാട്ടം ജില്ലാ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആശാ പ്രവർത്തകരുടെ നിർണ്ണായക തീരുമാനം.ഓണറേറിയം 7,000 രൂപയിൽ നിന്ന് 8,000 രൂപയായി സർക്കാർ വർധിപ്പിച്ചത് തങ്ങളുടെ സമര വിജയമായിട്ടാണ് ആശമാർ വിലയിരുത്തുന്നത്. 21,000 രൂപ മിനിമം കൂലി എന്ന ആവശ്യമുയർത്തിയായിരുന്നു ഈ ഐതിഹാസിക സമരം.

ആശാ സമരസമിതി പ്രതിനിധി എം.എ. ബിന്ദു  പ്രതികരിച്ചത്  “പോരാട്ടങ്ങളിലൂടെ മാത്രമേ അവകാശങ്ങൾ നേടിയിട്ടുള്ളൂ. സമരത്തെ അപഹസിക്കാൻ ഒട്ടേറെ പേർ ശ്രമിച്ചു. പക്ഷേ, ഈ സ്ത്രീ മുന്നേറ്റത്തിലൂടെയാണ് വിജയം ഉണ്ടായത്. ആശമാരുടേത് പട്ടിണിക്ക് എതിരായ സമരമായിരുന്നു. സമരത്തിന്റെ രൂപം മാറുന്നു എന്നേയുള്ളൂ. മിനിമം കൂലി എന്ന ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരും.”

ഓണറേറിയം വർധനയുടെ ക്രെഡിറ്റ് സിഐടിയു അടക്കമുള്ള സംഘടനകൾ നേടാൻ ശ്രമിക്കുമ്പോഴും, തങ്ങളെ തിരിഞ്ഞുനോക്കാത്ത സർക്കാരിന്റെ മനംമാറ്റത്തിന് കാരണം ഈ സമരം തന്നെയാണെന്ന് ആശമാർ ആവർത്തിക്കുന്നു. വർധന ഒരു നേട്ടമായി കാണുമ്പോൾത്തന്നെ, സമരചരിത്രത്തിലെ ഐതിഹാസിക ഏടായ ഈ പ്രക്ഷോഭം, അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.