Banner Ads

വൻ ലാഭം വാഗ്ദാനം; ചെയ്ത് തട്ടിയെടുത്തത് നാലര കോടി രൂപ, പ്രതികൾ പിടിയിൽ

കണ്ണൂർ: വ്യാജഷെയർ ട്രേഡിങ് ആപ്പ് ഉപയോഗിച്ച് ഡോക്ടർ ദമ്പതികളിൽ നിന്ന് നാലര കോടിയിലധികം രൂപ തട്ടിയ കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് കാഞ്ചിപുരം സ്വദേശി മെഹബൂബ്, എറണാകുളം സ്വദേശി റിജാസ് എന്നിവരാണ് പിടിയിലായത്.

ഇരുവരെയും ചെന്നൈയിൽ നിന്നാണ് പിടികൂടിയത്.അമിതലാഭമെന്ന വാഗ്ദാനത്തിൽ വീണ മട്ടന്നൂർ സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്ന് 4 കോടി 43 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.രണ്ടുമാസം മുൻപ് അപ്സ്റ്റോക്ക് എന്ന വെരിഫെയ്ഡ് ആപ്ലിക്കേഷൻ്റെ വ്യാജ പതിപ്പുമായാണ് പ്രതികൾ സമീപിച്ചത്.

അംഗീകൃതമായ സ്റ്റോക്ക് വാങ്ങുന്നവർ ആണെങ്കിൽ പകുതി വിലക്ക് ലഭിക്കും എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.ഡോക്ടർമാരായ ഭർത്താവിൻ്റെയും ഭാര്യയുടെയും ബാങ്ക് 3 അക്കൗണ്ടിൽ നിന്ന് പ്രതികളുടെ ഇരുപതോളം അക്കൗണ്ടുകളിലേക്ക് നാല് കോടി 43 ലക്ഷം മാറ്റുകയായിരുന്നു.പിന്നീട് ഏഴ് കോടിയോളം രൂപ ആവശ്യപ്പെട്ടതോടെയാണ് ഡോക്ടർ ദമ്പതികൾക്ക് സംശയം തോന്നിയത്.

അങ്ങനെയാണ് പൊലീസിൽ പരാതി നൽകിയത്.തട്ടിപ്പ് സംഘത്തിലെ മറ്റ് പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട സംഘം കൂടുതൽ പേരെ ലക്ഷ്യമിട്ടിരുന്നതായി പോലീസ് സൂചന നൽകി.കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.