
ഡൽഹി : കീവ് സന്ദർശനത്തെ തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന റഷ്യ-ഉക്രൈൻ സംഘർഷം കേന്ദ്രീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി സംഭാഷണം നടത്തി. എക്സിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്തു. ഉക്രൈൻ റഷ്യ സംഘർഷത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉക്രൈൻ സന്ദർശനത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളും പരസ്പരം കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
‘പ്രസിഡന്റ് പുടിനുമായി ഇന്ന് സംസാരിച്ചു. പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു. റഷ്യ-ഉക്രൈൻ സംഘർഷത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും അടുത്തിടെ നടന്ന ഉക്രൈൻ സന്ദർശനത്തിൽ നിന്നുള്ള എന്റെ ഉൾക്കാഴ്ചകളും പരസ്പരം കൈമാറി. സംഘർഷം എത്രയും വേഗം സമാധാനപരമായി പരിഹരിക്കുന്നതിന് പിന്തുണ നൽകാനുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധതയും ആവർത്തിച്ചു’. പുടിനുമായുള്ള പ്രധാനമന്ത്രി മോദിയുടെ സംഭാഷണം അദ്ദേഹത്തിന്റെ സമീപകാല ഉക്രൈൻ സന്ദർശനത്തെയും നിലവിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിനായി ഇന്ത്യയുടെ തുടർച്ചയായ ശ്രമങ്ങളെയും തുടർന്നാണ്.
ഒരു ദിവസം മുമ്പ് പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഉക്രൈനിലെ സ്ഥിതി ഉൾപ്പെടെ വിവിധ പ്രാദേശിക ആഗോള വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി. സമാധാനവും സുസ്ഥിരതയും വേഗത്തിൽ തിരിച്ച് വരുന്നതിന് ഇന്ത്യയുടെ പൂർണ പിന്തുണ ഞാൻ പ്രഖ്യാപിച്ചു. ബംഗ്ലാദേശിലെ സ്ഥിതിഗതികളും ഞങ്ങൾ ചർച്ച ചെയ്യുകയും സാധാരണ നില പുനഃസ്ഥാപിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ബംഗ്ലാദേശിലെ ന്യൂന പക്ഷങ്ങളുടെ പ്രത്യേകിച്ച് പറഞ്ഞാൽ ഹിന്ദുക്കളുടെ സുരക്ഷയും ഉറപ്പാക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.