Banner Ads

മുൻവൈരാഗ്യം, വധശ്രമം; കായംകുളത്ത് യുവാവിനെ അടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ

കായംകുളം : മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ. ക്ലാപ്പന പ്രയാർ സൗത്ത് കൊല്ലശ്ശേരിൽ പടീറ്റതിൽ അഖിലിനെ (27) ആണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 25ന് രാത്രി ഒൻപതരയോടെ പത്തിയൂർ ഹിബ ബ്ലോക്ക് ഫാക്ടറിക്ക് സമീപത്തുവെച്ചായിരുന്നു സംഭവം.

മുൻവൈരാഗ്യത്തെ തുടർന്ന് അഖിലും കൂട്ടാളികളും ചേർന്ന് അനിൽ കുമാർ എന്നയാളെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കല്ലുകൾ പൊതിഞ്ഞുകെട്ടിയ തുണി ഉപയോഗിച്ചായിരുന്നു മുഖത്ത് ഇടിച്ചത്. ആക്രമണത്തിൽ അനിൽ കുമാറിന്റെ മൂക്കിനും താടിയെല്ലിനും ഗുരുതരമായി പൊട്ടലേറ്റിരുന്നു. കേസിലെ മറ്റ് പ്രതികളെ സംഭവം നടന്നതിന് പിന്നാലെ പൊലീസ് പിടികൂടിയിരുന്നു.

എന്നാൽ ഒന്നാം പ്രതിയായ അഖിൽ എറണാകുളം, കൊല്ലം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയ പൊലീസ് സംഘം രഹസ്യവിവരത്തെത്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.