Banner Ads

രാത്രികളിൽ കറന്റ് പോകും; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി

തിരുവനന്തപുരം : കടുത്ത കൽക്കരി-വൈദ്യുതി ക്ഷാമവും കാലാവസ്ഥാ വ്യതിയാനവും മൂലം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെ മിതമായ രീതിയിൽ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.

പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള ഉയർന്ന താപനിലയും പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലെ കുറവുമാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ടി വന്നതും കെഎസ്ഇബിക്ക് തിരിച്ചടിയായി. ഇടവപ്പാതി എത്തിയിട്ടും സംസ്ഥാനത്ത് മഴ ശക്തിപ്പെടാത്തതിനാൽ വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചതിലും ഉയർന്ന് 4900 മെഗാവാട്ട് വരെയെത്തി.

പ്രതിദിന ഉപഭോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധി വിലയിരുത്താൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ദൈനംദിന കരാറുകളിലൂടെ പരമാവധി വൈദ്യുതി പുറത്തുനിന്ന് ലഭ്യമാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

എന്നാൽ വരും ദിവസങ്ങളിൽ ലഭ്യതക്കുറവ് കൂടുതൽ രൂക്ഷമാകുന്ന പക്ഷം വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാൻ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബിക്ക് മന്ത്രി അനുമതി നൽകിയിട്ടുണ്ട്. ജൂൺ 16ന് രാത്രി സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ പരീക്ഷണാർത്ഥം നേരിയ തോതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

വരും ദിവസങ്ങളിലും പീക്ക് അവറുകളിൽ ആവശ്യാനുസരണം നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.