
തൃശൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷങ്ങൾക്കായി 19,10,000 രൂപയുടെ എസ്റ്റിമേറ്റിനാണ് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിരിക്കുന്നത്. തിരുവോണനാളിൽ 10,000 പേർക്കാണ് ക്ഷേത്രത്തിൽ വിശേഷാൽ തിരുവോണസദ്യ ഒരുക്കുന്നത്.
ക്ഷേത്രത്തിലെ ഓണാഘോഷ ചടങ്ങുകൾ, മറ്റ് പ്രത്യേക വഴിപാടുകൾ എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾക്കും സമയക്രമങ്ങൾക്കുമായി ഭക്തർക്ക് ഗുരുവായൂർ ദേവസ്വം പ്രസാദം പോർട്ടൽ സന്ദർശിക്കാവുന്നതാണ്.രാവിലെ ശീവേലിക്ക് ശേഷം സ്വർണക്കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങൾക്കും ഭക്തജനങ്ങൾക്കും കാഴ്ചക്കുലകൾ സമർപ്പിക്കാം. ഇതിനായി പ്രത്യേക ക്യൂ സൗകര്യം ഏർപ്പെടുത്തും.പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വിശേഷാൽ കാഴ്ചശീവേലിയും പഞ്ചവാദ്യവും മേളവും അകമ്പടിയാകും.
രാവിലെ ഒമ്പത് മണി മുതൽ അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്ന് തയ്യാറാക്കുന്ന താൽക്കാലിക പന്തലിലുമായി പ്രസാദഊട്ട് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിവരെയായിരിക്കും വരിയിൽ പ്രവേശനം. തുടർന്ന് ബുഫേ രീതിയിലായിരിക്കും സദ്യ വിതരണം.കാളൻ, ഓലൻ, എരിശ്ശേരി, അവിയൽ, പഴപ്രഥമൻ, മോര്, കായ വറവ്, പപ്പടം, അച്ചാർ തുടങ്ങിയ വിഭവങ്ങളോടെയാണ് തിരുവോണസദ്യ ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ദേവസ്വത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ പരിശോധിക്കുക.