Banner Ads

പ്രാർത്ഥനകൾ ഫലം കണ്ടില്ല; അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസ്സുകാരൻ മരിച്ചു

അംബാല : ഹരിയാനയിലെ ധനൗറയിൽ തുറന്നുകിടന്ന കുഴൽക്കിണറിൽ വീണ നാല് വയസ്സുകാരൻ മരിച്ചു. സൈന്യവും ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളും ഫയർഫോഴ്സും ഉൾപ്പെടെയുള്ളവർ 21 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് പുലർച്ചെ 3:30ഓടെയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻ തന്നെ കുട്ടിയെ അംബാല സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവിനൊപ്പം പാടത്തേക്ക് പോയ കുട്ടി അവിടെയുണ്ടായിരുന്ന 220 അടിയോളം ആഴവും 9 ഇഞ്ച് വീതിയുമുള്ള കുഴൽക്കിണറിന് സമീപം കളിക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു.

കനത്ത മഴയും പ്രദേശത്തെ മണ്ണിന്റെ ഘടനയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. 60 അടി താഴ്ചയിൽ നിന്ന് കുഴൽക്കിണറിനുള്ളിലേക്ക് വെള്ളം ഒലിച്ചിറങ്ങിയതോടെ കിണറ്റിലെ ജലനിരപ്പ് ഉയരുകയും കുട്ടി വെള്ളത്തിൽ മുങ്ങിപ്പോകുന്ന അവസ്ഥയിലാവുകയും ചെയ്തു.

അലുമിനിയം പൈപ്പുകളും ഹുക്കുകളും ഉപയോഗിച്ച് 14 തവണയോളം കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കനത്ത വെല്ലുവിളികൾ നേരിട്ടു. അപകടത്തിന് കാരണമായ കുഴൽക്കിണർ അധികൃതർ മൂടി മുദ്രവെച്ചു.