
മംഗളൂരു: ഉഡുപ്പി: റോഡിലെ കുഴിയിൽ സ്കൂട്ടർ മറിഞ്ഞ് ഉഡുപ്പി സ്വദേശിനിയായ മാധവി (44) മരിച്ചു. കുളൂരിന് സമീപം ദേശീയപാത 66-ൽ ജോലിക്ക് പോകുമ്പോഴാണ് അപകടം നടന്നത്.
റോഡിലെ വലിയ കുഴിയിലേക്ക് സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് മാധവി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന ലോറി മാധവിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. കുന്ദികാനയിലെ എടെ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു മാധവി.
ഈ അപകടം പ്രദേശത്ത് റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഈ റോഡിലെ കുഴിയിൽ വീണ് മരിക്കുന്ന അഞ്ചാമത്തെയാളാണ് മാധവിയെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
സംഭവത്തിന് ശേഷം മാത്രമാണ് അധികൃതർ സ്ഥലത്തെത്തി റോഡിലെ കുഴികൾ അടച്ചതെന്നും നാട്ടുകാർ പറയുന്നു. അപകടത്തിൽ നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർക്കും ലോറി ഡ്രൈവർക്കുമെതിരെ പോലീസ് കേസെടുത്തു.