Banner Ads

സിപിഎമ്മിൽ വീണ്ടും പോസ്റ്റർ വിവാദം; എം സ്വരാജിനും പി ജയരാജനും പിന്തുണയുമായി കുറുമാത്തൂരിൽ ഫ്ലക്സ്

കണ്ണൂർ : സിപിഎം സംഘടനാ സമ്മേളനങ്ങൾ പുരോഗമിക്കവെ, നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂർ കുറുമാത്തൂരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡുകൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. എം സ്വരാജിനെ സംസ്ഥാന സെക്രട്ടറിയായും, പി ജയരാജനെ ജില്ലാ സെക്രട്ടറിയായും നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുറുമാത്തൂർ സഖാക്കൾ എന്ന പേരിൽ ബോർഡുകൾ ഉയർന്നത്.

കുറുമാത്തൂർ സ്കൂളിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് ബോർഡുകൾ സ്ഥാപിക്കപ്പെട്ടത്. സംസ്ഥാന നേതൃത്വത്തിലേക്ക് എം സ്വരാജിനെയും ജില്ലാ തലത്തിലേക്ക് പി ജയരാജനെയും കൊണ്ടുവരണമെന്ന് ബോർഡിൽ ആവശ്യപ്പെടുന്നു. നേതാക്കന്മാർ നേതാക്കളായത് ജനങ്ങളെ സേവിച്ചത് കൊണ്ടാണ്.

ജനസേവനം വിട്ട് മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്ന ഏത് നേതാവിനെയും ജനങ്ങൾ കീഴ്‌പ്പെടുത്തും എന്ന പരോക്ഷ വിമർശനവും ഫ്ലക്സിലുണ്ട്. സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകർ ഇടപെട്ട് ഫ്ലക്സ് ബോർഡുകൾ സ്ഥലത്തുനിന്നും നീക്കം ചെയ്തു.