Banner Ads

മുഖ്യമന്ത്രി പദം അല്ലെങ്കിൽ ഒന്നുമില്ല; ഹൈക്കമാൻഡിന് മുന്നിൽ വിട്ടുവീഴ്ചയില്ലാതെ വിഡി സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന ഉറച്ച നിലപാടിലാണ് വി ഡി സതീശൻ. ഹൈക്കമാൻഡ് നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ നിലപാട് അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഭരണപരിചയം ഒരു തടസ്സമല്ലെന്ന് സതീശൻ വ്യക്തമാക്കി.

വിഎസ് അച്യുതാനന്ദന്റെയും നരേന്ദ്ര മോദിയുടെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി. ഒരു നേതാവിന് വേണ്ടത് വ്യക്തമായ കാഴ്ചപ്പാടും മികച്ച ടീമിനെ കെട്ടിപ്പടുക്കാനുള്ള കഴിവുമാണെന്ന് സതീശൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകുന്നത് സംഘടനാപരമായ പോരായ്മകൾ മൂലമാണ്.

പുതിയ തലമുറയ്ക്ക് (ജെൻസി) മനസ്സിലാകുന്ന ഭാഷയിൽ രാഷ്ട്രീയ പാർട്ടികൾ സംസാരിക്കണം. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമോ എന്ന ചോദ്യത്തോട് ചോദ്യം സാങ്കൽപ്പികമാണ് എന്നായിരുന്നു സതീശന്റെ പ്രതികരണം. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി എംഎൽഎമാരുമായുള്ള കൂടിക്കാഴ്ച തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് കാണുന്നത്. മുതിർന്ന നേതാക്കളും ഘടകകക്ഷി പ്രതിനിധികളും നിരീക്ഷകരുമായി കൂടിക്കാഴ്ച നടക്കും. തർക്കമില്ലാത്ത തീരുമാനം വരുമെന്നാണ് എംഎൽഎമാർ അറിയിക്കുന്നത്.