
ഇടുക്കി : അടിമാലി ബസ് സ്റ്റാൻഡിൽ മദ്യപിച്ച് സ്കൂൾ വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും ബഹളമുണ്ടാക്കുകയും ചെയ്തയാൾക്ക് നേരെ പൊലീസിന്റെ പേപ്പർ സ്പ്രേ പ്രയോഗം.
വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇയാൾക്ക് നേരെ പൊലീസ് പേപ്പർ സ്പ്രേ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ നിന്ന വിദ്യാർത്ഥികളോട് ഇയാൾ അതിക്രമം കാണിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.
സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു. പൊലീസിനോടും ഇയാൾ തട്ടിക്കയറുകയും അക്രമസ്വഭാവം കാണിക്കുകയും ചെയ്തതോടെയാണ് പേപ്പർ സ്പ്രേ പ്രയോഗിക്കേണ്ടി വന്നത്.