Banner Ads

കവി കെ.ജി. ശങ്കരപ്പിള്ളക്ക് എഴുത്തച്ഛൻ പുരസ്‌കാരം; മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതി

തിരുവനന്തപുരം:മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം കവി കെ.ജി. ശങ്കരപ്പിള്ളക്ക്. മലയാള കവിതയ്ക്ക് പുതുഭാവുകത്വം നൽകിയതിനും കവിതയുടെ സംക്രമണ കാലത്തിന് ശോഭയേകിയതിനും ഉള്ള അംഗീകാരമായാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് സമിതി അഭിപ്രായപ്പെട്ടു. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

പ്രശസ്ത സാഹിത്യ നിരൂപകൻ കൂടിയായ കെ.ജി. ശങ്കരപ്പിള്ളയെ തിരഞ്ഞെടുത്ത പുരസ്‌കാര സമിതിയിൽ എൻ.എസ്. മാധവൻ, കെ.ആർ. മീര, ഡോ. കെ.എം. അനിൽ, പ്രൊഫ. സി.പി. അബൂബക്കർ എന്നിവർ അംഗങ്ങളായിരുന്നു.കെ.ജി. ശങ്കരപ്പിള്ളക്ക് കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കെ.ജി. ശങ്കരപ്പിള്ള പ്രതികരിച്ചു. “ഓരോ കവിതയിലൂടെയും സ്വയം നവീകരിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. നീതി കേന്ദ്രീകൃതമായ നിലപാടുകളാണ് എന്നെ നയിച്ചിട്ടുള്ളത്. അതിലൊരിക്കലും വിട്ടുവീഴ്ച വരുത്തിയിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.